പ്രണയത്തിന്റെ തീർത്ഥയാത്ര..

ഒരുപാട് നാളായി ഇതേ കുറിച്ച്  എഴുതണമെന്നു വിചാരിക്കുന്നു.ഒരു പക്ഷേ  മലയാളം  ചലച്ചിത്ര ശാഖ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭംഗിയേറിയ  ഒരു പ്രണയകാവ്യം ആയിരിക്കണം വടക്കുംനാഥൻ  എന്ന മലയാള ചലച്ചിത്രം. ആ സിനിമയോട് അതിലെ സംഗീതത്തോട് ,അതിലെ പ്രണയത്തോട്  സർവോപരിമാഷിനോട്, മീരയോട്  പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്തൊരുരിഷ്ടമുണ്ടെനിക്ക് . ഈ ചിത്രത്തിലെ പ്രണയത്തിന്  എന്തെന്നില്ലാത്ത ഒരു കാവ്യഭംഗിയുണ്ട്. മനോഹരമായ ഒരു  താളബോധമുണ്ട്.ഒരു  പ്രണയ കാവ്യത്തിന് ചലനശേഷി ഉണ്ടെങ്കിൽ  അത്  ഈ ചിത്രത്തിലെ പ്രണയത്തിനാണെന്ന് ഞാൻ പറയും.

ഭരത പിഷാരടി  ഒരു വേദാന്തി ആയിരുന്നിരിക്കാം, പക്ഷേ മീരയ്ക്കെന്നും ഭരത പിഷാരടി മാഷായിരുന്നു.  അവളുടെ പ്രിയപ്പെട്ട മാഷ്.  പണ്ഡിത രാജപട്ടം കിട്ടിയ വേദാന്തിയായ ഭരത പിഷാരടി, മീരയ്ക്ക് ചേരുമോ എന്നൊരു സംശയം തുടക്കത്തിൽ തോന്നുക സ്വാഭാവികമാണ്. അന്ന് അവൾക്ക് അവളുടെ മാഷ് ലോക നെറുകയിൽ ജ്വലിക്കുന്ന ഒരു നക്ഷത്രമാണ്.  എല്ലാവരും ആരാധനയോടെ  നോക്കുന്ന അറിവിൻറെ അക്ഷയഖനിയാണ്.  മീരയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ അവളുടെ  ഒറ്റക്കൊമ്പൻ.


അവളുടെ മാഷിനെ പോലെ വേദാന്തം പറയാൻ അവൾക്ക് അറിയില്ല.പക്ഷേ  ഒരു കൗമാരക്കാരിയുടെതെന്നപോലുള്ള എല്ലാ ചാപല്യങ്ങളും അവളുടെ മാഷിനോട് അവൾക്കുണ്ടായിരുന്നു.  ഏതൊരു  പെൺകുട്ടിയേയും പോലെ തന്നെ വിവാഹത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു അവളും.  മാഷിൻറെ ക്ലാസിലിരുന്ന്  മാഷിനെ ആരാധനയോടെ നോക്കുന്ന,  അതേ ക്ലാസിൽ തന്നെ ഇരുന്നു ഉറങ്ങി  മാഷിൻറെ കൈ നീട്ടിയുള്ള അടിവാങ്ങുന്ന  ഒരു സാധാരണക്കാരി പെൺകുട്ടി, തന്റെ ജനലരികിൽ  നിന്നാൽ കാണാവുന്ന മാഷിന്റെ മുറിയിലേക്ക് നോക്കി , നോക്കി ഇരിക്കുന്ന , അസമയത്ത് ഗന്ധർവ്വ നായി അവളെ മോഹിപ്പിക്കുന്ന, മാഷിനെ കാണാൻ മതിലും ചാടി വരുന്ന , "തൻറെ മാഷ് അല്ലേ "എന്ന സ്വാതന്ത്ര്യം എടുക്കുന്ന കുട്ടിത്തം മാറാത്ത പെൺകുട്ടി.  അതായിരുന്നു  മീര!!!     ഈ മീരയും മാഷും തമ്മിൽ ഉള്ള അന്തരം  വളരെ വലുതായിരുന്നു. പക്ഷേ മുറച്ചെറുക്കൻ എന്ന രീതിയിൽ പണ്ടുതൊട്ടേ പറഞ്ഞുകേട്ട പേരാണ് മീരക്ക്  അവളുടെ മാഷ്. 
 



ഒരിക്കൽ മാഷ് അവളോട് ചോദിക്കുന്നുണ്ട്  "എന്തിനാണ് മീര നീ എന്നെ ഇങ്ങനെ സ്നേഹിക്കണത്" ?എന്ന്... അതിന് അവൾ  പറയുന്ന  മറുപടിയിൽ ഉണ്ട് എല്ലാം . അവൾക്ക് എന്നും മാഷ് അവളുടെ ഒറ്റക്കൊമ്പൻ ആയിരുന്നു.  തൻറെതായ വഴിയിൽ സഞ്ചരിക്കുന്ന ഒരൊറ്റ കൊമ്പൻ . ആ മാഷിനോട് അവൾക്ക് ആരാധനയായിരുന്നു.തൻറെ ജന്മത്തിന് മോക്ഷം കിട്ടാനുള്ള ഒരു ഉപാധിയാണ് മാഷോട് ഉള്ള അവളുടെ പ്രണയം എന്ന് അവൾ പറയുന്നുണ്ട്.. അവളുടെ മറുപടി കേട്ട് ഒരു നിമിഷം പകച്ചു നിൽക്കുന്നുണ്ട് അയാൾ !... വേദാന്തിയായ മാഷിന് പ്രണയത്തിന്റെ വേദാന്തം പറഞ്ഞു കൊടുക്കുകയായിരുന്നില്ലേ മീര ???ഒന്നോർത്തു നോക്കൂ..... ഒരു ജന്മത്തിന് മോക്ഷം നേടി കൊടുക്കും ആ പ്രണയം എന്ന് അവൾ വിശ്വസിക്കുന്നുവെങ്കിൽ എന്ത് മാത്രം വിശുദ്ധമായിരിക്കണം ആ പ്രണയം ????? മാഷോടുള്ള പ്രണയം അവൾക്ക് മോക്ഷ പ്രാപ്തിയിലേക്കുള്ള ഒരു തീർത്ഥാടനമാണ് , ഒരു ആരാധനയും സപര്യയുമാണ്...... ഭക്തമീരയെപ്പോലെ!!
ആ നിമിഷം അവൾ ഒരു
വേദാന്തിക്കൊപ്പമോ അതിനപ്പുറത്തേക്കോ വളരുകയായിരുന്നു.   

പക്ഷേ ഭരത പിഷാരടി എന്ന ഗംഗ പ്രവാഹത്തെ ഉൾക്കൊള്ളാൻ മാത്രം ഇനിയും ഒരുപാടൊരുപാട് ആഴം അവൾ ആർജിക്കേണ്ടിയിരുന്നു.. അതുപോലെ മീരയെന്ന  പ്രണയിനിയെ അറിയാൻ മാഷും !!ഒരുപക്ഷേ മീര തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിയാൻ അയാൾക്ക് അന്ന് കഴിഞ്ഞിരുന്നില്ല.. ഇഷ്ടമായിരുന്നു അവളെ . പക്ഷെ അതിനെത്ര മാത്രം ആഴവും പരപ്പുമുണ്ടായിരുന്നുവെന്ന് അയാൾ അന്ന് തിരിച്ചറിഞ്ഞില്ല.!
അതുകൊണ്ടായിരിക്കണം മനസ്സിൻറെ  താളംതെറ്റലിൽ മീരയെ വിവാഹ പന്തലിൽ ഉപേക്ഷിച്ചു പോകുമ്പോൾ മറ്റൊന്നും ഭരതൻ  ആലോചിക്കാഞ്ഞത്. പ്രതിവിധി തേടിയെങ്കിലും അപ്പോൾ അവളെ ഉപേക്ഷിച്ചു പോവുകയാണ് ശരിയെന്ന് തോന്നി. ഒരുപക്ഷേ തൻറെ കെട്ടുപൊട്ടി പോകുന്ന മനസ്സ് അവളെ വേദനിപ്പിക്കും എന്നോർത്തിട്ടാകാം ....
അറിയില്ല!!! പക്ഷേ ആ അഞ്ചു വർഷക്കാലം മാറ്റത്തിൻറെ ഒരു വലിയ തിര തന്നെയായിരുന്നു അവരുടെ ജീവിതത്തിൽ കൊണ്ടുവന്നത് .വേദാന്തി ആയ മാഷ് സമാധാനം തേടി ഒരു തീർത്ഥയാത്ര പോയതിൽ അത്ഭുതം ഒന്നുമില്ല .പുരാന ദില്ലിയിൽ ചെരുപ്പു കുത്തിയായും ,ഗോപുരം കാക്കുന്ന ശിഖനായും ഒക്കെ അയാൾ തൻറെ വേഷം ആടി തീർത്തു. ഒരു  പക്ഷേ തൻറെ രോഗത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ വേണ്ടിയായിരിക്കണം. പഴയതൊന്നും ഓർക്കാതിരിക്കാൻ ആരും അന്വേഷിക്കാത്ത ഇടങ്ങളിൽ മറ്റൊരാളായി ഒരു ഒളിച്ചോട്ടം !

എന്നാൽ എന്തായിരുന്നു മീരയുടെ അവസ്ഥ ?ഒരു തരത്തിൽ പറഞ്ഞാൽ  അവളും ഒരു തീർത്ഥാടനത്തിൽ ആയിരുന്നില്ലേ ? ബുദ്ധി സ്ഥിരതയില്ലാത്ത  കുട്ടികളുടെ ഇടയിൽ കുറേക്കാലം ! അവരെ പരിചരിച്ചും ധ്യാനിച്ചും .... മാഷിൻറെ ഓർമ്മയിൽ നിന്നുള്ള രക്ഷപ്പെടൽ !! ഉത്തരേന്ത്യയിൽ എവിടെയോ കിടന്ന് സമാധിയായി എന്ന്  കരുതി മാഷിന് ബലി ഇട്ടപ്പോൾ മുതൽ ഒരു വിധവയെ പോലെ തന്നെയായിരുന്നില്ലേ അവൾ കഴിഞ്ഞത് ?? 
പക്ഷേ  , കുട്ടിത്തം മാറാത്ത പെൺകുട്ടിയിൽ നിന്നും ഭരത പിഷാരടി എന്ന ഗംഗാ പ്രവാഹത്തെ ഉൾക്കൊള്ളാൻ കഴിയുന്ന പക്വതയുള്ള ഒരു സ്ത്രീയായി മീരയെ മാറ്റിയത് ആ  അഞ്ചു വർഷമാണ് ! !!

ഒരുപക്ഷേ അവിടം വരെയും ഇത് മീരയുടെ പ്രണയം ആയിരുന്നു.  മാഷിന് അവൾ ആരായിരുന്നു എന്നത് പിന്നീട് നമ്മൾ അറിയുന്നു. തിരിച്ചെത്തിയിട്ട് അവളെ അയാൾ വാക്കാൽ പോലും ഒരിക്കലും അന്വേഷിച്ചില്ല.
പക്ഷേ വീട്ടുകാർ ഒരു വിവാഹത്തെ കുറിച്ച് പറയുമ്പോൾ അങ്ങേയറ്റം അസ്വസ്ഥതയോടെ  പൊട്ടിത്തെറിക്കുകയായിരുന്നു അയാൾ! അതെന്തുകൊണ്ട് എന്ന് നമുക്കപ്പോൾ മനസ്സിലാവില്ല. പക്ഷേ ആ അവസ്ഥയ്ക്ക്  ശേഷം നടന്നു വരുന്ന അയാൾ തന്റെ മുറിയിൽ ഒരു ജനൽ പാളിക്കരിക്കിൽ  നിന്ന് ദൂരേക്ക് നോക്കുന്നത് കാണാം .അവിടെയാണ് അയാളുടെ കഥ ചുരുളഴിഞ്ഞത്. അവളെ ഉപേക്ഷിച്ചു പോയ ആ പഴയ ഓർമ്മയിൽ നിന്നും തിരിച്ചു വരുമ്പോൾ "മീര ...." എന്ന് അയാൾ അലറി വിളിക്കുന്നുണ്ട്... അപ്പോഴാണ് മീര അയാൾക്കാരായിരുന്നു എന്ന് നമ്മൾ അറിയുന്നത് ..പണ്ട് മീരയായിരുന്നു ജന ലയ്ക്ക് അടുത്തുനിന്ന് അയാളെ ആരാധനയുടെ നോക്കിയിരുന്നതെങ്കിൽ, ഇന്ന് അയാൾ അയാളുടെ ജനലരികിൽ നിന്ന് അവളുടെ മുറിയിലേക്ക് നോക്കി  ആ ശൂന്യത അറിയുന്നു...ഒരു ജനൽ പാളിക്കപ്പുറം, അയാളുടെ മറ്റൊരു തരത്തിൽ  സങ്കീർണ്ണമായ വേദാന്ത ലോകത്തെ നിറം പിടിപ്പിക്കാനും ലളിതമാക്കുമാവാനും ചിരികൾ കൊണ്ട് നിറയ്ക്കാനും,"മാഷേ..." എന്ന് വിളിച്ച് ഓടി വരാനും  മീര ഇന്നില്ല എന്ന സത്യം അയാളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത് .
തീർത്ഥാടനത്തിനു പോയി അവിടെ ഒതുങ്ങി കഴിഞ്ഞിരുന്ന അയാൾക്ക് തന്റെ മടക്ക യാത്ര എന്തിനായിരുന്നു എന്ന്  അപ്പോൾ അറിയില്ലായിരുന്നു. പക്ഷേ മീരയുടെ സാമീപ്യമായിരുന്നു അയാൾ ആ നിമിഷം ഏറ്റവുമധികം ആഗ്രഹിച്ചത് !!!

ഒരു തീർത്ഥാടനത്തിനോ 
ഒരു സന്യാസത്തിനുമോ ആ മനസ്സിനെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല !! പക്ഷേ മീരയെ കുറിച്ച് അയാൾ അന്വേഷിച്ചതുമില്ല. താൻ ഉപേക്ഷിച്ചു േപായവളെ കുറിച്ച്  ആരോട് ചോദിക്കാൻ ??...ഒരുപക്ഷേ മീരയുടെ വിവാഹം കഴിഞ്ഞു എന്ന് അയാൾ ചിന്തിച്ചിരിക്കാം.  എന്നാൽ അവരുടെ ഈശ്വരന്മാർ അവർക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു 
ഈശ്വര നിശ്ചയം അയാളുടെ മുന്നിൽ തെളിഞ്ഞത് ഒരു ഉത്സവത്തിൽ താലം എടുത്തുനിൽക്കുന്ന മീരയുടെ രൂപത്തിലായിരുന്നു . അലക്ഷ്യമായ നോട്ടം പേറി നിൽക്കുന്ന അവളുടെ കണ്ണിൽ വിഷാദം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി പോലുമില്ലാത്ത അവളുടെ  മുഖത്ത് താൻ ഇന്നോളം അനുഭവിച്ച  നോവിന്റെ ചിത്രമുണ്ടായിരുന്നു .പഴയ മീരയുടെ നിഴൽ േപാലുമായിരുന്നില്ല അയാൾ ഇന്ന് കണ്ട മീര.
ആ കാഴ്ച അയാളുടെ നെഞ്ച് പിളർത്തി  എന്നുള്ളത് സത്യം . 
അവൾക്കോ ? അവൾക്ക് ഒരു ഞെട്ടലായിരുന്നു ... മരിച്ചു പോയി  എന്ന് കരുതി ബലിയിട്ട് യാത്രയാക്കിയ അവളുടെ മാഷാണ്  അവൾക്കു മുന്നിൽ വന്ന് നിൽക്കുന്നത് .ആ ഞെട്ടൽ  പിന്നീട്  സങ്കടക്കടൽ ആയി ...കാരണം അയാൾ ശരിക്കും തന്നെ ഉപേക്ഷിച്ചു പോയതാണ്  എന്നവൾ മനസ്സിലാക്കി ....

തൻറെ ഹൃദയത്തിൻറെ  പിടച്ചിൽ തീർക്കാൻ ,അവളെ ഉപേക്ഷിച്ചു പോയത് എന്തിന് എന്ന് പറയാൻ അയാൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.അതുകൊണ്ടാണ്  ജനലിനരികിൽ വന്നു നിൽക്കുന്ന മീരയെ കാണാൻ അയാൾ മതിൽ ചാടി വന്നത്  . അവളോട് താഴേക്ക് വരാൻ ആവശ്യപ്പെട്ടത്. പക്ഷേ തന്നെ ഉപേക്ഷിച്ചു പോയ അയാളോട് ഇത്ര പെട്ടെന്ന് പൊറുക്കാൻ അവൾ ഒരുക്കമായിരുന്നില്ല .അതിൽ അയാൾക്ക് പരാതിയും ഉണ്ടായില്ല താനും. ഒരു പക്ഷേ ഈ അവഗണന അയാൾ അർഹിക്കുന്നതാണെന്ന് സ്വയം തോന്നിക്കാണണം. ഒരിക്കൽ അവൾ പുറകെ നടന്ന് എല്ലാ അവകാശങ്ങളോടും കൂടി അയാളാേട് എല്ലാം പറയാൻ ആവശ്യപ്പെട്ടതാണല്ലോ.!!

പിന്നീട് പക്ഷേ  അയാൾ ആഗ്രഹിച്ച പോലെയല്ല അയാളുടെ സത്യാവസ്ഥ അവൾ അറിഞ്ഞത് .എന്നാൽ അറിഞ്ഞു കഴിഞ്ഞപ്പോൾ മുതൽ കുറ്റ ബോധത്തിൻറെ തിച്ചൂള അവളുടെ ഉള്ളിൽ നീറി തുടങ്ങിയിരുന്നു. എപ്പോഴാ എന്നറിയാതെ കൈവിട്ടു  പോകുന്ന ഒരു മനസ്സിൻറെ നീറ്റലായിരുന്നു മാഷിന് എന്ന് അവൾ അറിയുന്നു.


അറിഞ്ഞപ്പോൾ അയാളോടുള്ള സ്നേഹം ഒരു 100 ഇരട്ടി കൂടിയല്ലാതെ ഒരു തരിമ്പുപോലും കുറഞ്ഞില്ല. രാത്രി തനിയെ വരാന്തയിൽ കിടക്കുന്ന അയാളുടെ  അടുത്തേക്ക് അവൾ വരുന്നുണ്ട്. തൻറെ  കണ്ണീരാൽ അയാളുടെ കാൽപ്പാദം കഴുകി ക്ഷമ ചോദിക്കാൻ . ചെയ്ത തെറ്റിന് ഒക്കെ മാപ്പ് ചൊല്ലി മരിക്കാനുള്ള മന്ത്രം ചോദിക്കാൻ .." വലിയ വേദാന്തിയല്ലേ വലിയ അറിവുള്ള ആളല്ലേ , മരിക്കാനുള്ള വല്ല മന്ത്രവും  പറഞ്ഞുതരാൻ അറിയോ ന്റെ മാഷിന് ? എന്ന്ചോദിക്കുന്നുണ്ട്  അവൾ.ഇനി വേദനിക്കാനും പിടയാനും വയ്യ എന്ന്അവൾ പറയുന്നുണ്ട്. അത് കേട്ടിട്ട് അയാൾക്ക് അവളോട് ക്ഷമ ചോദിക്കുവാനേ കഴിഞ്ഞുള്ളൂ , അവളെ ഉപേക്ഷിച്ചു പോയതിന് .

എല്ലാം അറിയുന്നുണ്ട് ഈശ്വരന്മാര് . ഇടയ്ക്ക്  ഇത്തിരി  കരയിച്ചാലും ഒരിക്കലും ദൈവം  അവരെ കൈവിടില്ല എന്ന് അയാൾ പറയുമ്പോൾ അണപൊട്ടിയൊഴുകുന്ന സ്നേഹത്തോടെ അവൾ അയാളെ "ഏട്ടാ" എന്ന് വിളിക്കുന്നുണ്ട് ..എന്നോ നഷ്ടപ്പെട്ടു പോയ  പ്രണയത്തിൻറെ കരുതലും, സുഗന്ധവും , സൗന്ദര്യവും ആ വിളിയിൽ ഉണ്ടായിരുന്നു ..ആ വിളി ഇനിയും ഇനിയും കേൾക്കാൻ അയാൾ ഒരുപാട് കൊതിച്ചു ..ഒരുപക്ഷേ ആ ഒരു നിമിഷത്തിനായിരുന്നില്ലേ അയാൾ ഇത്രനാളും കാത്തിരുന്നത് ? താൻ ഇത്ര നാളും  തേടി അലഞ്ഞ പുണ്യവും ഇവൾ തന്നെ ആയിരുന്നില്ലേ എന്ന്  അയാൾ തിരിച്ചറിഞ്ഞിരിക്കണം !!

എന്താ വിളിച്ചത് ?? ഒന്നു കൂടെ അങ്ങനെ വിളിക്കു മീര എന്ന് അയാൾ  ആവശ്യപ്പെടുന്നുണ്ട് . ഒരുപക്ഷേ ആ നിമിഷത്തിലാണ് തൻറെ തിരിച്ചുവരവി െൻറ ലക്ഷ്യം അയാൾ തിരിച്ചറിയുന്നത് . അത് മീര മാത്രമാണെന്നും അവൾക്ക് മാത്രമേ താൻ ആഗ്രഹിക്കുന്ന സമാധാനം നൽകാൻ കഴിയൂ എന്നും അയാൾ മനസ്സിലാക്കുന്നു . ഒരിക്കലെന്നോ നഷ്ടപ്പെട്ടുപോയ പ്രണയം വീണ്ടും തളിർക്കുകയായിരുന്നു അവിടെ . 
ഒരുപക്ഷേ അവൾക്ക് ഉള്ളതിനേക്കാൾ പതിന്മടങ്ങു  അയാൾ അവളെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു.. അയാൾ ഇന്ന് ഒരു വേദാന്തി അല്ല , അവളുടെ പ്രണയം കൊതിക്കുന്ന തീർത്തും സാധാരണക്കാരനായ ഒരു മനുഷ്യനാണ്...!

ആ നിലാവുള്ള രാത്രി അവളെ അങ്ങനെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ  ഒരുപക്ഷേ ഒരു  പ്രയാഗിനും ഒരു ഋഷികേശിനും നൽകാൻ കഴിയാത്ത സമാധാനം അയാൾ അനുഭവിച്ചിട്ടുണ്ടാകണം . ആ നിമിഷം ലോകം അങ്ങിനെ അങ്ങ് നിശ്ചലമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകണം . ചിലപ്പോൾ പ്രണയം അങ്ങനെയാണ്  മോക്ഷപ്രാപ്തിക്കായി,സമാധാനത്തിനായി നടത്തുന്ന തീർത്ഥാടനമാെന്നും 
നിങ്ങൾക്കൊന്നും നൽകിയില്ലെന്ന് വരാം !പകരം നിങ്ങളെ സ്നേഹിക്കുന്നവരുടെ സാമീപ്യം ആയിരിക്കാം സമാധാനത്തിന് ഹേതു.


എന്തുതന്നെയായാലും  പിന്നെ അവളെ നേടുക എന്നത് അയാളുടെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. ഇനി മറ്റൊന്നിനും വേണ്ടി അവളെ വിട്ടുകൊടുക്കാനും നഷ്ടപ്പെടുത്തുവാനും
അയാൾ തയ്യാറായിരുന്നില്ല. ഇനിയൊരു  നഷ്ടം അവളും സഹിക്കുമായിരുന്നില്ല. 
അത് അവൾ അയാളോട് പറയുന്നുമുണ്ട് എല്ലാവരും എതിർത്തപ്പോഴും ചങ്കുറപ്പോടെ അവൾ പറയുന്നു.. " ആരും ഞങ്ങളെ തടയേണ്ട ഒരുമിച്ചു ജീവിക്കാൻ പോവുകയാണ് ഞങ്ങൾ ,ഇനിയും എന്നെ ഉപേക്ഷിച്ചു പോയാൽ ഒരു കഷണം കയറിൽ തൂങ്ങിയാടും ഈ മീര" എന്ന് മാഷിൻറെ മുഖത്തുനോക്കി അവൾ പറയുന്നുണ്ട് . പ്രണയം മോക്ഷപ്രാപ്തിയുടെ ഉപാധിയായി കാണുന്നവർക്ക് ആ പ്രണയം നഷ്ടപ്പെടുമ്പോൾ പിന്നെ ഒരു മോക്ഷ മാർഗ്ഗവും വേണ്ടെന്ന്  കരുതുന്നതിൽ അത്ഭുതമൊന്നുമില്ല. അവളുടെ ആ നെഞ്ചുറപ്പിന് മുൻപിൽ ഒരു നിമിഷം അവളുടെ മാഷ് പകച്ചു നിൽക്കുന്നുണ്ട്. പക്ഷേ അയാളും ചിലതെല്ലാം തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവളും ഒത്തുള്ള ജീവിതം അയാൾ അത്രമേൽ ആഗ്രഹിച്ചിരുന്നു .അതുകൊണ്ടാണല്ലോ ചികിത്സയ്ക്കായി പോകുന്നിടത്ത്  അവളെയും കൊണ്ടുപോയത് .അവളെ അയാളുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത് .വിവാഹത്തിന് അനുവാദം ചോദിച്ചത് .അവളെയും തട്ടിയെടുത്തു കടന്നുപോകുമായിരുന്ന രാവണന്റെ 
മുൻപിലേക്ക് ജഡായു എന്നപോൽ ചങ്കുറപ്പോടെ വന്നു നിന്നത്. അവൾക്കായി അന്തസ്സുള്ള ഒരു ജീവിതം വച്ചു നീട്ടിയത്. ഇത് പ്രണയത്തിൻറെ തീർത്ഥയാത്ര അല്ലെങ്കിൽ പിന്നെ എന്താണ് ?

തീർത്ഥാടനത്തിൽ നിങ്ങൾ നിങ്ങളെ സ്വയം കണ്ടെത്തുന്നു .ഭരതൻ മാഷ് തന്നെ കണ്ടെത്തിയത് ഈ പ്രണയ തീർത്ഥയാത്രയിലൂടെ ആയിരുന്നു. മാഷെന്ന ആ മഹാ പ്രവാഹത്തെ ഉൾക്കൊള്ളാൻ മാത്രം മീര ഒരു കടലായി മാറിയപ്പോൾ , ഒരു വേദാന്തിയിൽ നിന്ന് പ്രണയത്തിൻറെ തണലിൽ ഒരു സാധാരണക്കാരനിലേക്കുള്ള യാത്രയിലായിരുന്നു മീരയുടെ മാഷ്. ഇനിയൊരു ജന്മം മുഴുവൻ പ്രണയിച്ച്  തീർക്കാൻ ... 
ഗാനരചയിതാവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ

 " തിരിയായ് തെളിഞ്ഞു നിൻ മനസ്സിലെ അമ്പലത്തിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ?? 

ഇനിയും പ്രണയിച്ചു തീരത്ത രണ്ട് മനസ്സുകളുടെ പ്രണയത്തിേലേക്കുള്ള തീർത്ഥയാത്ര !! .."

ഇവരുടെ പ്രണയം പറയാൻ ഒരുപാട് രംഗങ്ങൾ ഒന്നും ഇല്ല ചിത്രത്തിൽ. പക്ഷെ  ഉള്ളതെല്ലാം എണ്ണം പറഞ്ഞ രംഗങ്ങൾ  ആണെന്ന് മാത്രം. എത്ര തവണ കണ്ടു കഴിഞ്ഞാലും  പിന്നെയും പിന്നെയും അവർക്ക് നമ്മളോട് ഇനിയും  എന്തോ പറയാൻ ഉണ്ടെന്ന് തോന്നും.. അതുകൊണ്ട് തന്നെ പിന്നെയും പിന്നെയും ഈ ചിത്രം കാണാൻ തോന്നുന്നു .കഥാകൃത്ത് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ പോലെ തന്നെയാണ് അദ്ദേഹം ഒരുക്കിയ ഈ ചിത്രവും. എത്ര കണ്ടാലും എനിക്ക് മതി വരാറില്ല. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടോ എന്ന്  ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം... 
അല്ലെങ്കിലും മഹാകാവ്യങ്ങളും , ക്‌ളാസ്സിക്കുകളുമെല്ലാം എല്ലാവർക്കും ഒരു പോലെ ഇഷ്ടമാവണമെന്നില്ലലോ.. എല്ലാവർക്കും ഒരു പോലെ മനസ്സിലാവണമെന്നും !!അത്തരമൊരു ശ്രദ്ധിക്കപ്പെടാതെ പോയ ക്ലാസിക്കാണ് ഈ ചിത്രവും.

"തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയമ്പലത്തിൽ
ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ........ 
നിനക്കു മീട്ടാൻ വരരുദ്ര വീണയായ്....... 
നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കീ..........."

"നിൻ പാട്ടിൻ പ്രണയ മഴയിൽ ഒരു
വെൺ പ്രാവായ് ചിറകു കുടയുമിരു
പൊൻ തൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്.....
ഞാൻ തിരഞ്ഞതെന്റെ ജപലയ ജല തീർത്ഥം......"

അവർ അങ്ങനെ പ്രണയിച്ചു പ്രണയിച്ചു അനശ്വരരാകെട്ടെ..... എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ആ അനുഭൂതി എഴുതാൻ ശ്രമിച്ചു  പരാജയപ്പെടുന്നതും ഞാൻ അറിയുന്നു.. ചില സൃഷ്ടികൾ അങ്ങനെയാണ്... മനസ്സിനെ വല്ലാതെ  ഉലച്ചു കളയും ....!






Comments