പ്രതിഫലനങ്ങൾ

മലയാള ഭാഷയിൽ എഴുതുവാനുള്ള കഴിവ് ഇടയ്ക്കെപ്പോഴോ ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞു. ഒരു പക്ഷെ  നല്ല മലയാളം പുസ്തകൾ വായിക്കാത്തത് കൊണ്ടോ , മലയാള ഭാഷയോടുള്ള സമ്പർക്കം കുറഞ്ഞത് കൊണ്ടോ അതും അല്ലെങ്കിൽ ഗഹനമായ സാഹിത്യ രചനകളോടുള്ള താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടോ ആകാം . അറിയില്ല ! ഒന്ന് മാത്രം അറിയാം, പണ്ട് ഞാൻ എഴുതിയ എൻ്റെ  ചില രചനകൾ ഇപ്പോൾ കണ്ടാൽ   ഇത് ഞാൻ തന്നെയാണോ  എഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട്  . ജീവിതത്തിന്റെ വസന്തകാലത്തു , ഒന്നും അറിയേണ്ടതായോ അന്വേഷിക്കേണ്ടതായോ വരാത്ത കാലത്ത് കുത്തികുറിക്കുന്നതിലെല്ലാം കാല്പനികത തുളുമ്പി നിൽക്കുന്നതായി കാണാം. ചെറിയ വേദനകൾ പോലും ജീവിതത്തിലെ വലിയ മുള്ളുകളും മുറിവുകളുമായി എഴുതിയിരുന്ന  കാലഘട്ടമായിരുന്നു അത്. ആ കാലഘട്ടത്തിന് തിരശ്ശീല വീണ നാൾമുതലാവണം എഴുത്തും ഞാൻ അവസാനിപ്പിച്ചത് . അതും അല്ലെങ്കിൽ എഴുത്തിൽ യാഥാർഥ്യ ബോധം കടന്ന് വന്നത് .  ജീവിതത്തിന്റെ അടുത്ത ഘട്ടം തീച്ചൂളയായി അനുഭവപ്പെട്ടപ്പോൾ എഴുത്തിൽ നിന്ന് കാല്പനികത പടിയിറങ്ങിപ്പോയി. ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ എന്ത് കാല്പനികത ! ഒരു കാലത്ത് ഭ്രാന്തമായ ഇഷ്ടത്തോടെ വായിച്ച കൃതികളോ കണ്ട ചിത്രങ്ങളോ പോലും അരോചകമായി തുടങ്ങിയിരിക്കുന്നു. അനുദിനം ജീവിതം മുന്നോട്ട് നീക്കുവാനുള്ള അധ്വാനം കഴിഞ്ഞു വീടണയുമ്പോൾ എത്ര വേഗം ഉറങ്ങാൻ പറ്റുമെന്നാണ് ഇന്ന്  ചിന്തിക്കുന്നത് . സ്വന്തം ജീവിതം കെട്ടിപ്പടുക്കുമ്പോൾ മറ്റൊന്നിനും നേരമോ താല്പര്യമോ ഇല്ലാത്ത അവസ്ഥ. എനിക്ക് തോന്നുന്നു ഇതുകൊണ്ടൊക്കെത്തന്നെയാവണം പഠന കാലമാണ്  ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എന്ന് പറയുന്നത് . സാധിക്കുന്ന എല്ലാ കഴിവും പരിപോഷിപ്പിക്കപ്പെടേണ്ടേ സമയവും അത് തന്നെയാണ് . കാരണം യഥാർത്ഥ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒന്നിനും താല്പര്യമില്ലാതെയാകുന്ന അവസ്ഥയിലേക്ക് നമ്മളെത്തുമെന്നത്  മുതിർന്നവർ മനസിലാക്കിയിട്ടാവണം നമ്മുടെ  ബാല്യ- കൗമാര - യവ്വനത്തിന്റെ തുടക്ക കാലഘട്ടം വരെയും നമ്മളുടെ ഇഷ്ടങ്ങളുടെ പിറകെ നമ്മെ നിർബാധം വിടുന്നത്. അത് കഴിഞ്ഞു ജീവിതം ഒരു കരയ്ക്കടുക്കുന്നത് വരേക്കുമുള്ള കാലഘട്ടത്തിൽ ഓരോ  ദിവസവും എങ്ങനെയോ ജീവിച്ചു എന്ന കണക്ക് ആകും ഭൂരിഭാഗം ആളുകൾക്കും .


ജീവിതത്തേക്കാൾ വലിയ പാഠശാലയില്ലെന്ന് പറയുന്നതെത്ര വാസ്തവം. പഠനകാലത്തു ഗഹനമായ കൃതികൾ വായിച്ചു അർഥം മനസിലാക്കാനുള്ള കഴിവ്  ഒരു വലിയ മാനസിക വ്യവഹാരവും , ബുദ്ധിയുടെ അളവുകോലുമായിട്ടാണ് ഞാൻ കണക്കാക്കിയിരുന്നത് . എന്നാൽ ഇന്നിപ്പോൾ ഒരു ആവൃത്തി വായിച്ചാൽ മനസിലാവാത്ത എന്തിനോടും വിരക്തിയാണെനിക്ക്. അത്രയും ചിന്തിക്കാൻ വയ്യ എന്ന കണക്ക് . ഒരു തരം അലസതയാണിന്ന് ചിന്തിക്കാൻ . അത്കൊണ്ട് തന്നെ കവിതകളോടോ കടുകട്ടി നോവലുകളോടോ ഇന്നെനിക്ക് ഒരു താല്പര്യവും ഇല്ല . ചുറ്റി വളച്ച് കാര്യം പറയുന്ന എന്ത് കണ്ടാലും " എന്താണ്  നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത് ? അതിലേക്ക് ഒന്ന് പെട്ടെന്ന് കടക്കു " എന്ന് മനസ്സാൽ പറഞ്ഞു തുടങ്ങിയിരിക്കുന്നു . പഠന കാലത്തു ഉണ്ടായിരുന്ന നോവലുകൾക്കും , കഥകൾക്കും കവിതകൾക്കും വരെ  താള് കണക്കിന് ആസ്വാദന കുറിപ്പും , കഥാപാത്രനിരൂപണവും എഴുതിയിരുന്ന ആളായിരുനെന്നു  ഓർക്കണം . അന്ന് അത് ഒരു ഹരമായിരുന്നു . നമുക്ക് മുതിർന്ന ആളുകളുടെ കഥാപാത്രത്തെ പോലും മനസിലാക്കാൻ കഴിയുന്നല്ലോ എന്നൊരു അഭിമാനമോ , അഹങ്കാരമോ അതോ കഥാപാത്രങ്ങളെ പോലും ശെരിയായി മനസിലാക്കാനുള്ള  പക്വത ഉണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമമോ , അങ്ങനെ എന്തൊക്കെയോ ആയിരുന്നത് . ഇന്നിപ്പോ സ്വന്തം ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ ഒന്നറിയാം വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ പോലെ എത്രയോ നിസ്സഹായയാണ്  ഞാൻ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ! ഒരു തരത്തിൽ പറഞ്ഞാൽ  എല്ലാ മനുഷ്യരും ഇങ്ങനെയൊക്കെ തന്നെ അല്ലെ ?! ഇന്ന് ഏതെങ്കിലും കഥാപാത്രത്തിന് ഒരു ആസ്വാദന കുറിപ് എഴുതാൻ പറഞ്ഞാൽ എന്റെ ഭാഷയുടെ കഴിവ് പുറത്തെടുക്കുന്നതിനേക്കാൾ അത് യാഥാർഥ്യവുമായി എത്രത്തോളം ചേർന്ന് നില്കുന്നു എന്നാവും ഞാൻ എഴുതുക. മനുഷ്യന്റെ എഴുത്തുകൾക്കും ചിന്തകൾക്കും വരെ കാലാവധിയുണ്ടെന്ന് പറയുന്നത് എത്ര ശരി. എൻറെ കൗമാര - യൗവനത്തിന്റെ തുടക്ക കാലത്തു പലതിനെക്കുറിച്ചും എനിക്കുണ്ടായിരുന്ന അഭിപ്രായങ്ങൾ അല്ല ഇന്നെനിക്കുള്ളത്. പരിണാമം ഒരു യാഥാർഥ്യമാണ് . ജീവിതം പലതും പലപ്പോഴായി പഠിപ്പിച്ചുകൊണ്ടേയിരിക്കും !  

Comments